02:26pm 16 August 2026
NEWS
ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിയെന്ന് പി.സി. ജോർജ്; പൂഞ്ഞാറിൽ 4.5 കോടി നൽകിയെന്നും ആരോപണം
16/08/2026  11:47 AM IST
nila
ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിയെന്ന് പി.സി. ജോർജ്; പൂഞ്ഞാറിൽ 4.5 കോടി നൽകിയെന്നും ആരോപണം

കോട്ടയം: പൂഞ്ഞാറിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ബിജെപി നേതൃത്വം അനുവദിച്ച കോടിക്കണക്കിന് രൂപയിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് പി.സി. ജോർജ്. പൂഞ്ഞാറിൽ ബിജെപി നേതൃത്വം നാലരക്കോടിയോളം രൂപ നൽകിയെന്നും ഈ തുക നേതാക്കൾ തട്ടിയെടുത്തെന്നുമാണ് പി.സി. ജോർജിന്റെ ആരോപണം.

കഴിഞ്ഞ മാസം എരുമേലിയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് നടത്തിയ പ്രസംഗത്തിലാണ് പി.സി. ജോർജ് ഇക്കാര്യം വെളിപ്പെടുത്തിയത്. പൂഞ്ഞാറിലേക്ക് ബിജെപി നേതൃത്വം 4.5 കോടി രൂപ അനുവദിച്ചിരുന്നുവെന്നും ഇതിൽ ആരൊക്കെയാണ് വീതം പറ്റിയതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബൂത്ത് കമ്മിറ്റികൾക്ക് നൽകാൻ നിശ്ചയിച്ച തുക പോലും നൽകിയില്ല. ബിജെപി മധ്യമേഖല ജനറൽ സെക്രട്ടറി സജി കുരിക്കാട് ആണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്നും പി സി ജോർജ് പറഞ്ഞു. പരമാവധി നാൽപ്പത് ലക്ഷം രൂപ മാത്രമേ ചെലവഴിക്കാവൂ എന്ന് ചട്ടമുള്ളപ്പോൾ എ ക്ലാസ് മണ്ഡലങ്ങളിൽ നാലരക്കോടി രൂപ വീതം ചെലവഴിച്ചെന്നും ജോർജ് വെളിപ്പെടുത്തി. തിരഞ്ഞെടുപ്പിന് ശേഷം 4 കോടി 45 ലക്ഷം രൂപ ചെലവായതായി കാണിച്ചുള്ള കണക്ക് തനിക്ക് നൽകിയെന്നും പി.സി. ജോർജ് ആരോപിച്ചു. ഈ കണക്ക് ബിജെപി പ്രവർത്തകരെ കാണിച്ചാൽ അവർക്ക് തന്നെ നാണക്കേടാകുമെന്നും അദ്ദേഹം പരിഹസിച്ചു.

ഒരു ബൂത്തിന് 31,000 രൂപ വീതം നൽകണമെന്ന നിർദേശം ഉണ്ടായിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്നും പണം എവിടേക്ക് പോയെന്ന് തനിക്കറിയില്ലെന്നും പി.സി. ജോർജ് പറഞ്ഞു. ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ഉപയോഗിച്ച് ചിലർ പുതിയ കാറുകൾ വാങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ പണം ഉപയോഗിച്ച് കാർ വാങ്ങിയാൽ ആ കാർ അപകടത്തിൽപ്പെട്ട് പോകുമെന്ന പരിഹാസ പരാമർശവും പ്രസംഗത്തിനിടെ പി.സി. ജോർജ് നടത്തി.

'ബൂത്ത് കമ്മിറ്റികൾക്ക് നൽകാൻ നിശ്ചയിച്ച 31000 രൂപ പോലും കൊടുത്തില്ല. അത്ര വൃത്തികെട്ടവന്മാരാണ് പാർട്ടിയിലുളളത്. പലരും കാറ് വാങ്ങുന്നു. ബിജെപിയുടെ കാശ് കൊണ്ട് കാർ എടുത്താൽ ഇടിച്ച് നശിക്കും. മോഷ്ടിച്ചവനെയൊന്നും ദൈവം വെറുതെ വിടുകേല. ഞാനാണ് പ്രാകുന്നത്', പി സി ജോർജ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img